Wednesday, July 22, 2009

സീമന്തിനി

കര്ക്കടക്കൊയ്ത്തു

കുഞ്ഞു പ്രായത്തില്‍

കളി മണ്ണ് കുഴച്ച് കളിവീട് ഉണ്ടാക്കി

മുതിര്‍ന്നപ്പോള്‍

മലകള്‍ കുഴച്ച് വീട് ഉണ്ടാക്കി

വയല്‍ കുഴച്ച് കളിയിടം ഉണ്ടാക്കി

കാടുകള്‍ കുഴച്ച് കൂടുണ്ടാക്കി

വഴികള്‍ കുഴച്ച് പൂജാലയമുണ്ടാക്കി

വീടുകള്‍

വീടുകള്‍

വീടുകള്‍

ഹാ!

വഴിയില്ലാ വയലില്ലാ കാറ്റില്ലാ വെളിവില്ലാ

ഞങ്ങള്‍ ആകാശത്ത് വിതച്ചു

ഇടിമിന്നലും പേമാരിയും അതിവെയിലും കൊയ്തു

കടലില്‍ വിതച്ചു

സംഹാര തിരകള്‍ കൊയ്തു

ഭൂമിയില്‍ വിതച്ചു

ഉരുള്‍ പൊട്ടല്‍ കൊയ്തു

കൊയ്തവ നനച്ചു കെട്ടി

വിത്ത് ആക്കുകയാണ് ഇപ്പോള്‍

പാഠം

ചായം കൊണ്ടവന്‍ വരച്ചു
ഗുരു ചായങ്ങള്‍ തട്ടിത്തെറിപ്പിച്ചു
വിരല് കൊണ്ടവന്‍ വരച്ചു
ഗുരു വിരലു ഛെദിച്എടുത്തു

കൈപ്പത്തി കൊണ്ടവന്‍ വരച്ചു
ഗുരു അത് അറുത്തെടുത്തു
കൈകുറ്റി കൊണ്ടവന്‍ വരച്ചു
ഗുരു അതും മുറിച്ചെടുത്തു

കാല്‍,ചുണ്ട്,നെഞ്ചു,ശിരസ്സു കൊണ്ടവന്‍ വരച്ചു
അവയോരോന്നും ഗുരു പറിച്ചെറിഞ്ഞു

ഉടല് കൊണ്ടല്ല ഉയിര് കൊണ്ടാണ്
ചിത്രം വരക്കേണ്ടത്
എന്നവന്‍ അറിഞ്ഞു

വര

നിലവിളികള്‍ക്കിടയില്‍
തിര തിമിങ്ങലത്തെ കരയില്‍ എറിഞ്ഞു
കരയില്‍ നിന്നു തീവണ്ടിയെ പിഴുതെടുത്തു

മനുഷ്യര്‍ എഴുതുന്നു
തിര മായ്ക്കുന്നു
ദൈവം എഴുതുന്നു
പിശാച് മായ്ക്കുന്നു
മനുഷ്യനെയും ദൈവത്തെയും പിശാചിനെയും
കടല്‍ മായ്ക്കുന്നു

കടലിനെ മായ്ച്ചു കളഞ്ഞു
സൂര്യന്‍ സ്വയം വരയ്ക്കുന്നു

Tuesday, July 21, 2009

പകരം

ചില നേരങ്ങളില്‍
പൂവുകള്‍ വസന്തത്തിനു പകരം നില്ക്കും
ചിയ നേരങ്ങളില്‍
ഓര്‍മ്മകള്‍ പൂവുകള്‍ക്ക് പകരം നില്ക്കും
ചില കാലങ്ങളില്‍
മയില്‍ പീലികള്‍ ഓര്‍മ്മകള്‍ക്ക് പകരം നില്ക്കും
ചില സമയങ്ങളില്‍
പൂവുകള്‍ മഴവില്ലുകള്‍ക്ക് പകരം നില്ക്കും

എല്ലായ്പോഴും
നീ
എല്ലാറ്റിനും പകരം നില്ക്കും

എന്നാല്‍
ഒരു കാലത്തും നിനക്കു പകരമായി
ഒന്നും ഉണ്ടാകയില്ല
നിന്റെ പ്രണയത്തിനു പകരമായി
ഈ പ്രപഞ്ചത്തില്‍
ഒന്നും
ഒരിക്കലും
ഉണ്ടാകയില്ല

ഉള്ള്‌

ബെഡ് റൂം, കിച്ചന്‍ ,സിറ്റ് ഔട്ട്
അട്ടാച്ട് ഗസ്റ്റ്‌ റൂം ഇങ്ങനെ
ചെലോത്ത് പണി തീര്‍ത്തിട്ടും
വീടായതില്ല മാളിക

രസം

ഹഹ..ഹഹ..ഹാ..ഹാ...ഹാ
ഹെന്തൊരു... തമാശ ദൈവമേ..
തീയില്‍ വീണോരാ ചെക്കന്റെ
പിടച്ചില്‍...ആക്രോശം... ആ ..ഹാ ഹാ...